ഹസ്സനും ഉലൂഹയും

Stories in Malayalam

MALAYALAM WRITINGS

R.

1 min read

multicolored painting palette
multicolored painting palette

ഹസ്സനും, ഉലൂഹയും പ്രണയത്തിലായി. അങ്ങനെ ഒരു നിമിഷത്തിൽ സംഭവിച്ചതൊന്നുമല്ല. കണ്ടും, കണ്ടും, പേർത്തും കണ്ടും, എന്നാൽ ഒന്നും കേൾക്കാതെയും പറയാതെയും, 66-ആം വയസിൽ അവർ പ്രണയത്തിലായി. കണ്ടുകണ്ട്‌ നമുക്കങ്ങനെയാരെയെങ്കിലും ഇഷ്ടമാകുമോ? എന്നാൽ, ഹസ്സൻ്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചു. പ്രണയത്തിൻ്റെ ആ നിമിഷത്തെക്കുറിച്ചു ചോദിച്ചാൽ, ഹസ്സൻ കൈമലർത്തും. അതെങ്ങനെയോ സംഭവിച്ചു എന്ന് മാത്രമേ ഉലൂഹയ്ക്കും അറിയൂ! ചില ന്യൂജനറേഷൻകാർ പറഞ്ഞാണത്രേ ഇത് പ്രണയമാണെന്ന് (ഈ സാധനത്തിൻ്റെ പേര്, എന്നാണ് ഹസ്സൻ പറയാറ്!) അറിഞ്ഞത്. എന്നുകരുതി, ന്യൂജനറേഷൻ രീതികളൊന്നും രണ്ടാൾക്കും താല്പര്യമില്ല.

അവരാകെ ചെയ്യാറ് ..കൈകോർത്തുപിടിച്ചു, കടൽപ്പാലത്തിൻ്റെ അറ്റമറ്റം നടക്കുകയാണ്.. ആ നടപ്പിനൊരു താളമുണ്ട്.

ഒരു ചിത്രകാരൻ, ചിത്രകാരൻ എന്ന് വിളിക്കാമോ എന്നറിയില്ല.. കടലുള്ള കാലംതുടങ്ങി അയാളവിടെയുണ്ട്.. തൻ്റെ ക്യാൻവാസുമായി.. വരച്ചത് മുഴുവൻ കടൽ, നീലച്ചായം മാത്രം നിറച്ചു പാലെറ്റ്‌ നീലനിറമായി.. അങ്ങനെയും ചിലർ ഉണ്ടാകുമല്ലോ.. ആവർത്തനം വിരസമാകാതെ.. ഒരേ സ്വപ്നം കാണുന്നവർ, ഒരേ വഴിയിൽ യാത്ര ചെയ്യുന്നവർ, ഒരേ ബസ്സിൽ, ഒരേ ജങ്കാറിൽ, ഒരേയിടങ്ങളിലേക്ക്‌.. വീണ്ടും ജീവിതത്തിലേക്കു വരുമ്പോൾ, ഒരേ പ്രണയം തുടരുന്നവർ.. ഇത്തരക്കാരെപോലെയാണ് ഈ ചിത്രകാരനും.

മുഷിഞ്ഞുകൂടിയുള്ള ആ ഇരുപ്പു കണ്ടാൽ ആരും ആ വശത്തേക്കു പോകാറില്ല. അയാൾക്കതൊന്നും പ്രശ്നമല്ലതാനും. കരിക്കുകച്ചവടക്കാരൻ്റെ അടുത്ത്, പ്രാവുകൾ വന്നുകൂടുന്ന.. പ്രാവുകൾ കൂട്ടമായി വന്നിരിക്കുമ്പോൾ അവയെ ഓടിച്ചുവിട്ട് ഫോട്ടോ പകർത്തുന്നവരാണ് അവിടെ വരുന്നവരെല്ലാം.. പ്രാവുകൾക്കും ഇത് മടുക്കുന്നില്ലെന്നു തോന്നും, അവയുടെ വരവും, പോക്കും കണ്ടാൽ.. അതൊക്കെ പ്രകൃതിയെന്നു പറഞ്ഞു, പറഞ്ഞുപറയാതെ, അതിനടുത്താണ് ചിത്രകാരൻ ദിവസം മുഴുവൻ കഴിച്ചുകൂട്ടാറ്.

അങ്ങനെയുള്ള ഒരു സാധാരണദിവസമാണ് ചിത്രകാരൻ ഹസ്സനെയും ഉലൂഹയേയും ശ്രദ്ധിച്ചുതുടങ്ങിയത്. രണ്ട് ആത്മാക്കൾ എന്നേ ആദ്യം തോന്നിയുള്ളൂ.. പിന്നെയാണ്.. കടൽകാറ്റിൽ നടന്നുനീങ്ങുന്ന ആ സൂക്ഷ്‌മശരീരങ്ങളെ കാണ്മാനായത്. ചിത്രകാരൻ കുറേനേരത്തേക്കു വര നിർത്തി, ആ നടപ്പു നോക്കി നിന്നു.

എന്നെപ്പോലെ, നിങ്ങളെപ്പോലെ, ചിത്രകാരനും ചിന്തിക്കുകയാണ്.. എന്തിനാണിവരിങ്ങനെ നടന്നുതീർക്കുന്നത്? ഇത്രയും പേർക്കും ഈ ഒരു സംശയം ഉണ്ടാകുമ്പോൾ ആരെങ്കിലും ചോദിക്കണമല്ലോ! അങ്ങനെ, അവർ പോകുന്ന വഴിയിൽ ചിത്രകാരൻ ഇരിപ്പുറപ്പിച്ചു. ഇന്ന് നമ്മൾ ആ രഹസ്യം അറിയുമെന്നുതോന്നുന്നു. കടൽകരയിൽ സഞ്ചാരികളുടെ തിരക്കെത്തിത്തുടങ്ങി.. ചിത്രകാരൻ തൻ്റെ അതിഥികളെ കാത്തിരിക്കുകയാണ്, തിരക്കു കൂടിവന്നു.. അതിനിടയിലൂടെ ഹസ്സൻ്റെ കൈവിടാതെ ഉലൂഹ, ഒരു ഡിസോൾവ് സീനിലെന്നപോലെ തെളിഞ്ഞുവന്നു. എന്നാൽ, വളരെ അപ്രതീക്ഷിതമായൊന്ന് അവിടെ സംഭവിച്ചു

"ഇയാൾ പടം വരക്കുമോ?"

"ഓ .."

"മനുഷ്യരെ വരയ്ക്കാൻ അറിയാമോ?"

"നന്നായറിയാം."

"എന്നാൽ ഞങ്ങളെയൊന്നു വരയ്ക്ക്."

ചിത്രകാരൻ ബ്രഷ് എടുത്തു, ചായംകൂട്ടിതുടങ്ങി, ഇത്തവണ പുതിയൊരു പാലെറ്റ് എടുത്തു. പതിവില്ലാതെ അയാളുടെ മുഖം പ്രസന്നമായിരുന്നു. ഏതോ മഹത്കാര്യം ചെയ്യുന്നുവെന്ന ഭാവംപൂണ്ട്, അയാൾ ഹസ്സൻ്റെയും, ഉലൂഹയുടെയും ചിത്രം പൂർത്തിയാക്കികൊണ്ടിരുന്നു.. വേഗത്തിൽ.

ഹസ്സനും ഉലൂഹയും തങ്ങൾക്കു വരച്ചു കിട്ടിയ പടവുമായി തിരികെനടന്നു. കടൽപ്പാലം അവസാനിക്കുന്നിടംവെച്ചു, അവർ തിരിഞ്ഞുനോക്കി.. ചിത്രകാരനെ അവിടെയെങ്ങും കാണാനില്ല. ക്യാൻവാസ് അതേപടി കടലിനെ മുഖംനോക്കിയിരിക്കുന്നു. ചിലപ്പോൾ ക്യാൻവാസിനും തോന്നാറുണ്ട് ഈ ചിത്രകാരനും ഒരു കിറുക്കനാണെന്ന്! എത്രകാലമാണ് ഈ കടൽത്തന്നെ തന്നോട് ചേർക്കുന്നത്. നാവുണ്ടായിരുനെങ്കിൽ താനും പറഞ്ഞേനെ ഒന്ന് മാറ്റിവരക്കാൻ! പിന്നെ ചിലതാലോചിക്കുമ്പോൾ, സംസാരിക്കാനാവാത്തതും നല്ലതെന്നുവരും.. ഈ സഞ്ചാരികളുടെ കലപില കേട്ടു താൻ എത്ര മടുത്തിരിക്കുന്നു.. ഇങ്ങനെപോകും ക്യാൻവാസിൻ്റെ ചിന്തകൾ. ഒടുവിലാണ് ഒരു വയസ്സനും വയസ്സിയും പടം വരയ്ക്കാനെന്നും പറഞ്ഞു വന്നത്. ചെറുപ്പക്കാരാരും വന്നില്ലലോ എന്ന് പരിഭവമോർത്തെങ്കിലും, ശരി ആകുന്നതാകട്ടെ എന്നുവെച്ചു നിന്നുകൊടുത്തു. അവർ പടവുമായിപ്പോയപ്പോൾ തുടങ്ങി തൻ്റെ ചിത്രകാരനെ കാണ്മാനില്ല..

ക്യാൻവാസിനെ നമുക്കവിടെ വിടാം. അല്ലെങ്കിലും ജീവനില്ലെന്നു നാം വിശ്വസിക്കുന്ന ഇത്തരം വസ്തുക്കളെക്കൊണ്ടെന്തുകാര്യം!?

എനിക്ക് വാൻഗോഗിനെ വലിയ പ്രിയമാണ്. സ്വാഭാവികമായും എൻ്റെ ചിത്രകാരനു ആ പേരിടുകയോ, അത്രപോയില്ലെങ്കിൽ, ചിത്രകാരൻ വാൻഗോഗിൻ്റെ ഒരു ആരാധകൻ എങ്കിലും ആയിരിക്കണമല്ലോ! അതെ, തീർച്ചയായും, ഇക്കഥയിൽ ഇതുരണ്ടും സംഭവിച്ചിരിക്കുന്നു. ചിത്രകാരൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു (രഹസ്യമായി) തൻ്റെ മാസ്റ്റർപീസും വാൻഗോഗിനെപ്പോലെ.. തൻ്റെ അവസാനവും വാൻഗോഗിൻ്റെ.. തൻ്റെ കൽപ്പനകളും.. മഞ്ഞ സൂര്യകാന്തിപൂക്കളുടെ ചിത്രം അയാൾ മരിക്കുമ്പോഴും പോക്കറ്റിൽ സൂക്ഷിച്ചിരുന്നു. മരണം. അപ്പോൾ നിങ്ങളെന്തുകരുതുന്നു? ചിത്രകാരൻ മരിച്ചുവെന്നോ?

കടലിൽ ഒഴുകിനടക്കുന്ന ബ്രഷും പടരുന്ന ചായങ്ങളും.. താഴ്ന്ന സൂര്യൻ .. ചിതറുന്ന, പടരുന്ന മനുഷ്യരൂപങ്ങൾ, നിഴലുകൾ.. ഒരു നിഴലിനെ പിന്തുടരുന്ന മറ്റൊന്ന്. ചവിട്ടടിയിൽ താഴ്ന്ന മണ്ണ്.

ചിത്രകാരൻ ചായങ്ങൾ തൂവിയടഞ്ഞ തൻ്റെ കണ്ണുകൾ തുറന്നു .. നക്ഷത്രങ്ങൾ, വീണ്ടും നക്ഷത്രങ്ങൾ. ആഴ്ന്നുചൂഴുന്ന ഇരുട്ട്. അയാൾ നടന്നുതുടങ്ങി. തന്നിലെ ഉന്മാദിയുടെ ഭ്രമണപഥം വിട്ട് അപഥചാരിയായി, യാത്ര തുടങ്ങുന്നു.

ഹസ്സനും ഉലൂഹയും ഇപ്പോഴും കടൽക്കരയിലേക്ക് പോകാറുണ്ട്. അവരെ ചെറുപ്പക്കാർ കാണുന്നതും കാണാതെയിരിക്കുന്നതും പതിവാണ്. പിന്നീടെപ്പോഴോ, അവരെ അവിടെ കാണാതായി.. മരിച്ചുപോയിരിക്കാം.. അറിയില്ല. അതോ അവർ ജീവിച്ചിരുന്നിട്ടില്ലേ? പിന്നെ, നമ്മൾ കണ്ടതാരെയാണ്!? ഒക്കെയും കല്പനകളോ? എങ്കിൽ, അവരുടെ ചിത്രമെവിടെ? ചിത്രകാരൻ ഉപേക്ഷിച്ചുപോയ ക്യാൻവാസ്? അയാൾ തേടിപ്പോയ പ്രണയിനി? ഒക്കെയും ഭ്രമമോ..

ഞാൻ ആരെയാണ് കൽപ്പിച്ചെടുക്കുന്നത് ? ചോദ്യങ്ങളോട് ചോദ്യമുതിർത്ത്.. കഥ അവസാനിക്കുന്നു. കടൽ ഇപ്പോഴുമുണ്ട്. പുതിയ പുതിയ നിഴലുകൾ അവിടെ ചരിക്കുന്നു.. ചിലർക്ക് പേർ ഹസ്സൻ എന്നാണ്.. ചിലർക്ക് ഉലൂഹ.. ചിലർക്ക് പേരില്ല.. കരിക്കുകച്ചവടക്കാരനെപോലെ. പ്രാവുകൾ. പൂഴി. കാൽപ്പാടുകൾ. ഉയരം. താഴ്ച. അലകൾ. ദൂരെ പൊട്ടായി താഴുന്ന സൂര്യൻ.

ഒന്നുമാത്രമിപ്പോഴും.. ചിത്രകാരൻ ഉപേക്ഷിച്ചുപോയ ഈസലിൽ കുത്തിച്ചാരി, ഒരു മങ്ങിയ പടം. അതൊരു സ്മാരകമെന്നോ, അല്ല, ഓർമ്മച്ചിത്രമെന്നോ, പ്രണയശില്പമെന്നോ, തുടങ്ങി മിത്തുകളുടെ ഒരു കെട്ടുതന്നെ അതേപറ്റി പറയാറുണ്ട്, ഇന്നും ആളുകൾ! ആളുകൾ അത്തരക്കാരാണ്. അവരെപ്പോഴും പുതിയ കഥകൾ മെനഞ്ഞുകൊണ്ടേയിരിക്കും..

അതേ കടൽ, അതേ ക്യാൻവാസ്, ചക്രവാളം നോക്കി, കടലിലേക്കു കൈകോർത്തു നീങ്ങുന്ന രണ്ട് ആത്മാക്കൾ.