എൻ്റെ കോളേജ് | രണ്ടാം കുറിപ്പ്

Ink Stained Chronicles : My College Days

COLLEGE MEMOIRS

R.

blue and black writing chair beside wall
blue and black writing chair beside wall

മുൻകുറിപ്പ്‌

ഇത് മറ്റു ചില ദിവസങ്ങൾ. പുതിയ കഥാപാത്രങ്ങളും.

കുറിപ്പ് 4

കൃഷ്‌ണനെവിടെയെന്ന് അന്വേഷിച്ചു. വന്നു. കണ്ടു. കാറ്റിനെക്കടന്ന് വന്നു. ഇപ്പോഴും വീശുന്നു. തുടരുന്നു. കാറ്റ്.

കലുഷകാലം. മൃതിയുടെ ഗന്ധം.

വിദൂരങ്ങൾ തേടിപ്പോകുവാൻ.. തീരമെത്താതെ ഒഴുകിനടക്കാൻ. എനിക്കിത്രനാളായും കഴിഞ്ഞില്ലലോ!

നൂലിഴകൾ. ഇഴപൊട്ടിയ നൂറു നൂറു സ്വരങ്ങൾ.

അപരാഹ്നത്തിൻ്റെ നിഴൽ പടർന്ന വഴികൾ - ഇനിയെത്ര കാതങ്ങൾ... രാമേശ്വരം, ധനുഷ്‌കോടി, ദക്ഷിണായനം. ഇന്നു മുഴുക്കെ നാം സംസാരിച്ചത് യാത്രയെപ്പറ്റിയായല്ലോ. പോവണം - പോയ് തുലയാൻ!

പൊളിറ്റിക്സിൻ്റെ ഇന്നത്തെ ക്ലാസ് നന്നായിരുന്നു. പക്ഷെ ഇനിയും എന്തൊക്കെയോ പറയാനുണ്ട്. Religion പറയുമ്പോൾ animism..these are flexible topics, na?

സ്പോർട്സ് കുട്ടികൾ പോയി. സമയം, 3:29. ഇനിയും മടങ്ങാത്തവർക്ക് ഈ ചിത്രക്കൂട്ട്.

ഹെമിങ്‌വേ മൊഴിഞ്ഞപോലെ, ഇടയ്ക്കിടെ ചോര കിനിയുന്നു. My pen bleeds!

..

കുറിപ്പ് 5

I'm as a last year's leaf, clinging lightly to the stem. The first breath that blows, and I fall. (The Law of Life - Jack London)

ആലീസ് മിസ്സ് - അവിടെ.

അരികിൽ - അരവിന്ദൻ, ബാലകൃഷ്ണൻ, ആതിര.

Museum of Innocence-ന് വല്ലാത്ത ഭാരം. ഗ്ലാസ് ഹൗസ്‌.

ഒരു മഴ നനഞ്ഞു.

മലയാളം അവർ.

വിരസത. കൊടുംവിരസത. രാവിലെ ഗുരുദേവിനു വന്നു. എന്താ തിരക്ക്! കാഴ്ചയൊന്നും കാണാനായില്ല. എല്ലാവർക്കും എന്തൊക്കെയോ സംസാരിക്കുവാനുണ്ട്. ഈ ആത്മാവിനുമാത്രം മൊഴിയറിയാതെ വരുന്നു?

മരിക്കുക, ജീവിക്കുക, വീണ്ടും മരിക്കുക. ചക്രം. കാലപാശം.

അനു പേപ്പർ വേസ്റ്റ് ആക്കരുതെന്ന് പറയുന്നു. ലൈഫ് തന്നെ വേസ്റ്റ് ആയി മാഷേ!

'ചിത്രത്തിലാദ്യമെഴുതീട്ടുയിർ ചേർത്തതാമോ?

ചിത്തത്തിൽ വെച്ചഴകുചേർത്തു രചിച്ചതാമോ?

ബ്രഹ്മപ്രഭാവവുമവൾക്കെഴുമാ വപുസ്സു-

മോർക്കിലീയൊരബലാമണിസൃഷ്ടി വേറെ'.

--- ശാകുന്തളം ഇവിടെ അരങ്ങു തകർക്കുന്നു.

..

കുറിപ്പ് 6

വീണ്ടും നിന്നിലേക്ക്‌ വന്നിരിക്കുകയാണ്. സ്‌മിത മിസ്സ് ക്ലാസ് അവസാനിപ്പിച്ച് വിശ്രമിക്കുന്നു..ഞങ്ങളും.

ഒരക്ഷരം എഴുതുമ്പോഴേക്ക് നൂറു പേർ അടുത്തുകൂടുന്നു. അത്ര ലഹള പിടിച്ച ക്ലാസ്!

സൂര്യയും, ഷീബയും ചില്ലറ എണ്ണിത്തിട്ടപ്പെടുത്തുന്നു. ചിരിക്കുന്നു. LK അങ്ങുമിങ്ങും നടക്കുന്നു. എന്തിനെന്നറിയില്ല!

ഇവിടെ ഫിലിം ക്ലബ് ആരംഭിച്ചിരിക്കുന്നു. എനിക്കും പോവണം - ഫിലിം ഇൻസ്റ്റിട്യൂട്ടിൽ - സിനിമാറ്റോഗ്രഫി പഠിക്കണം. ഈ ക്ലാസ്സിലെ രംഗങ്ങളെല്ലാം ക്യാമറയ്ക്ക് കൊടുത്താൽ, എത്ര.. സിനിമാറ്റോഗ്രാഫർ ആവണം.

രേവതി പറഞ്ഞപ്പോൾ എഴുതാനെടുത്തു. ഒരു മൂഡ്. എല്ലാവരും സംസാരത്തിൽ. ഈ അവർ ഫ്രീ. വായിക്കാനൊന്നും എടുത്തിട്ടില്ല. റൂം 64-ലാണിപ്പോൾ. ഇപ്പോൾ 64 എനിക്ക് പ്രിയപ്പെട്ടതാണ്. ഓരോ ഇഷ്ടങ്ങളും മാറി മാറിവരും. ഇവിടെ വരുമ്പോൾ ലാസ്റ്റ് ബെഞ്ച്..ലാസ്റ്റ്. The last conservative.

അനു ഇന്ന് സുന്ദരിയായിട്ടുണ്ട്!

എൻ്റെ അടുത്ത്, തൊട്ടടുത്ത് ആരുമില്ല. മുന്നിൽ, ജെയിംസ്, അനിത, ആതിര. രാവിലത്തെ തുഷാരം യാത്ര ആസ്വദിച്ചു - നല്ല ഡ്രൈവ്!ഓരോരുത്തരായി കൂടുവിട്ടൊഴിയുന്നു.

ശ്രുതി വന്നു, ''എന്നെപ്പറ്റി എഴുതിയോ?'',എന്ന് തിരക്കി. എഴുതാൻ മറന്നുവല്ലോ..

ഇപ്പോൾ ചർച്ച ലോഗോസ് ക്വിസ്. എനിക്കെന്തെങ്കിലും വായിക്കാൻ വേണ്ടതാണ്. അങ്ങേ സൈഡിൽ, തനു, വീണ, അരവിന്ദൻ, രമ്യ. അവരും ചിരിക്കുകയാണ്.

രാവിലെ വരുന്നവഴി മത്തായിചേട്ടനെ കണ്ടു. പലരേയും കണ്ടു - ഹണി, ബെസ്റ്റി, പിന്നെ പേരറിയാത്ത ചില പരിചയങ്ങൾ.

ആകാശത്തിന് എന്തെന്തു ഭാവങ്ങളാണ്? ക്യാമറ നിറച്ച് ആകാശകുട്ടനാണ്. എത്ര കണ്ടാലും, എടുത്താലും,എൻ്റെ ഫ്രെയിമിൽ പെടുന്നത്..വീണ്ടും. ഫോട്ടോഗ്രാഫറാവണം.

പേന മടക്കിയതാണ്. അപ്പോൾ T. ഒരു കമൻ്റ് പറഞ്ഞതുകേട്ടു - അതായത്, ബാലകൃഷ്ണൻ പേപ്പർ കൊണ്ടൊരു കളി കളിക്കുവാൻ തുടങ്ങുന്നു. T. പറയുന്നു, ''കുഞ്ഞായിരുന്നപ്പോൾ ഞാൻ ഈ കളിയൊക്കെ കളിച്ചിരുന്നു''. നമ്മളൊക്കെ വലുതായതെന്നാ?? ആവോ..

ഇന്നലെ രഞ്ജിത്തിൻ്റെ മനോരമയിലെ കോളം വായിച്ചു കണ്ണുനിറഞ്ഞു. സുന്ദരം! എനിക്കൊരു കോളമെഴുത്തുകാരിയാവണം. രഞ്ജിത്തിൻ്റെ കോളത്തിൻ്റെ പേര് - മരം പെയ്യുമ്പോൾ.

..

പിൻകുറിപ്പ്‌

എഴുത്തെനിക്ക് വളരെ cathartic ആയൊരു process ആണ്, പണ്ടേ. എഴുത്തിൽ സൃഷ്ടിച്ചുപോകുന്ന ഒരു ലോകം.. കാണുന്ന പാത്രങ്ങളൊക്കെയും.. എന്നിൽത്തന്നെയുണ്ടെന്നു വിശ്വസിക്കുന്നതൊരു സുഖം.

അടുത്ത കുറിപ്പിൽ തുടരും...