എൻ്റെ കോളേജ് | ഒന്നാം കുറിപ്പ്

Ink Stained Chronicles : My College Days

COLLEGE MEMOIRS

R.

assorted-title books
assorted-title books

മുൻകുറിപ്പ്

എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമേതെന്ന് ചോദിച്ചാൽ കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി ഒരേ ഉത്തരമേ ഉള്ളൂ - കോളേജ്. എങ്ങനെയും സ്കൂൾ ഒന്നവസാനിച്ചു കിട്ടി കോളേജ് എത്താൻ ഞാൻ കൊതിച്ചിരുന്നു! യൂണിഫോം എനിക്ക് ഇഷ്ടമേ അല്ലായിരുന്നു! ഇപ്പോളൊക്കെ കോളേജിലും യൂണിഫോം ആണെന്ന് കേൾക്കുമ്പോൾ എനിക്കെന്തോ പോലെ തോന്നും.

ആ കോളേജ് കാലത്തെ കുറിപ്പുകളാണിത്. ക്ലാസ്സിൽ വെച്ചുതന്നെയാണ് ഇവയെല്ലാം എഴുതിയിരിക്കുന്നത്.. ഈ കുറിപ്പുകൾ പണ്ടേ വായിച്ചവരാണ് എൻ്റെ ക്ലാസ്സിലെ പലരും. ഇത് വായിച്ച ടീച്ചേർസും ഉണ്ട്. അവരെല്ലാവരും ഇന്നും എൻ്റെ ഓർമ്മ നിറയെ.. നിറയെ.. നിറയുന്നതും ഈ കുറിപ്പുകളിലൂടെയാണ്.

ആരെയും പേര് പറയുന്നില്ല.. പേരിൻ്റെ ഏതെങ്കിലുമൊരു അക്ഷരം, അല്ലെങ്കിൽ ഇനിഷ്യൽ കൊണ്ട് നമുക്കവരെ പരിചയപ്പെടാം. ചിലരെ മറ്റൊരു പേരിൽ പരിചയപ്പെടാം. എളുപ്പത്തിനായി പേരുകളൊക്കെ ബോൾഡ് ലെറ്റെറിലാണ്.

ചിലപ്പോൾ ഇവരേക്കാളൊക്കെയും നാം കാണാൻ പോകുക അവിടുത്തെ മരങ്ങളെയോ, ഇടനാഴികളെയോ, തൂണുകളെയോ ആവും. ഈ കുറിപ്പുകളിലാകെ കവിത കടന്നുവരാം, കഥ കടന്നുവരാം, പുസ്തകങ്ങൾ ഒരുപാടു കടന്നുവരാം, സിനിമകൾ, പാട്ടുകൾ, ചില സംഭാഷണങ്ങൾ.. ഒക്കെയും ചേർന്നായിരുന്നു ആ ലോകം ഞങ്ങൾ സൃഷ്ടിച്ചെടുത്തത്.

കുറിപ്പ് 1

മാറാല പിടിച്ച റൂം നമ്പർ 30. ഡെസ്‌കിനെ പുണർന്നു കിടക്കുന്ന ബെഞ്ചിൻ്റെ കൂട്ടം. കവിത പൊടിയുന്ന ഹൃദയവുമായൊരു പേന, മൂകസാക്ഷികളായി ചോക്കുകഷണങ്ങൾ. നിശബ്ദമായ എൻ്റെ ആത്മാവ്. കടലിരമ്പുന്നു, എവിടെയോ.

വേണ്ട, ഇന്ന് അലകളില്ലാത്ത കടൽ മതി.

വേദനയാണ്.

എന്തിന് ?

ഇതൊന്നുമല്ല ഞാൻ തിരയുന്നത്.

വിശപ്പിൻ്റെ വേദനയാണ്. പാഥേയം തേടി അലച്ചിൽ തുടരുന്നു.

എല്ലാവരും തിരക്കിലാണ്. ജെയിംസ് ഒരു ബെറ്റിൻ്റെ കഥ പറഞ്ഞു എന്നെ മിഠായി കഴിപ്പിച്ചു! ജെഫ്. ഇടപെടുന്നു.."എടീ, ഈ എഴുത്തിലൂടെയാണോ ജീവിതം മുന്നോട്ടുപോകുന്നെ?"

ആവോ എഴുത്തിലൂടെയും മുന്നോട്ടു പോയേക്കാം.

" വെളുത്ത വരകളെ കടന്നുവന്ന നിനക്ക്

ഞാനൊരു വെളുത്ത പൂവ് സമ്മാനിച്ചു..

നീ വെളുപ്പിൽ ചിരിച്ചു."

ബാലകൃഷ്ണൻ അടുത്തുണ്ട്. ഉള്ളിൽ നിറച്ചു കണ്ണീരാണ് കൃഷ്ണാ..! എന്തിനെന്നെ തേടിവരുന്നു... leave me alone.

ബോളി കഴിക്കാൻ തോന്നി, അത് നടന്നില്ല. സോയിച്ചൻ്റെ കൂടെ പോയി, മംഗോ ജ്യൂസ് കുടിച്ചു. 2 പുതിയവരെ പരിചയപ്പെട്ടു. ജെയിംസ് ചോദിക്കുന്നു, "എന്താ എഴുതുന്നത്?".. ഇനി രണ്ടു പീരീഡ് കൂടി. ഓർമകളെയൊക്കെ ഭാണ്ഡത്തിലാക്കി മടങ്ങാം.

വൈകിട്ടാണ് എഴുതാൻ ആഗ്രഹിച്ചത്. മഷിയില്ലായിരുന്നു. വാക്കുകളെ ഉള്ളിലൊതുക്കി നടന്നു. മൂന്നു വട്ടം ലൈബ്രറിക്കു വലം വെച്ചു.

കുറിപ്പ് 2

മഴയെത്തേടുകയായിരുന്നു. മുറിവുകളെ നനയ്ക്കാൻ വരുന്നതും കാത്ത്..withered, alone.

കൂടെയുള്ള ആരുടെയൊക്കെയോ പേരു മറന്നു. പേരു ചോദിച്ചു തുടങ്ങാം.

ക്രിക്കറ്റ്,സിനിമ,വിഷയങ്ങൾ മാറിമാറി വരുന്നു.

വന്നു - ഹാംലിനിലെ കുഴലൂത്തുകാരൻ - ക്ലാസ് തുടങ്ങി.

പലരും വീട്ടിൽ പോവണമെന്നു പറയുന്നു. എൻ്റെ വീടെവിടെയാണ്?

അജിത മിസ്സ് പോവുകയാണ്..പോവേണ്ട. എന്തിനാ എല്ലാവരും പോകുന്നത്?

ഇടങ്ങൾ..spaces..വേണം.

ഇവിടെ മഴ സംഭവിക്കുകയാണ്, എഴുത്ത്‌ സംഭവിക്കുകയാണ്.

12:35.

'Reluctant Fundamentalist' വായിച്ചു കഴിഞ്ഞു. ഇനിയെന്താ വായിക്കുക? ഒരു പുസ്തകം കൂടി എടുത്തിട്ടു വരാമായിരുന്നു.

ഈ അവറും ഫ്രീ...ആകെ ബോറടിച്ചു. വായിക്കാൻ മൂഡ് വരുന്നില്ല. ചിലരെല്ലാം സംസാരത്തിൽ, ചിലർ ചിന്തയിൽ?! ചിലർ പഠിക്കുന്നു, ബാക്കിയുള്ളവർ വായിക്കുന്നു.

ദേവി 'മഞ്ഞ്' വായിക്കുന്നു, എം.ടി.യുടെ അല്ല, പാമുക്കിൻ്റെ 'Snow'.

T. 'Riot' വായിക്കുന്നു, റിയ ' നഷ്ടപ്പെട്ട നീലാംബരി'യും.

എനിക്കും വായിക്കാനുണ്ട്. എന്നിരുന്നാലും നേരത്തെ പറഞ്ഞ മൂഡ് വരുന്നില്ല. മടങ്ങിപ്പോകാൻ തോന്നുന്നു. തനിച്ചുമതി, ഞാനും ഈ കോളേജും തനിച്ച്‌.

ഹാംലിനിലെ കുഴലൂത്തുകാരൻ വന്നു - absentees.ൻ്റെ കണക്കെടുക്കുന്നു.

മൂകം, ശാന്തം, ഏകാന്തം.

മഴ..

എനിക്കും ഇതുപോലൊരു മഴയിൽ ഒലിച്ചുപോകണം. Flush me!

തണുത്തു മരിക്കണം. Snow. Silence of the Snow. Snow.യിലെ, Ka.യെക്കണക്ക് കൈകൾ കൂട്ടിത്തിരുമ്മി, മഞ്ഞിലൂടെ നടന്നുപോകണം, കടന്നുപോകണം. Snow വായിച്ചപ്പോൾതൊട്ട് തുടങ്ങിയതാണ്..ഓരോ വട്ട്. ഇവിടെ പലരും Snow വായിച്ചുവെന്നു തോന്നുന്നു.

പാമുക്.. പാമുക്. എൻ്റെ പ്രിയ എഴുത്തുകാരാ..

'നഷ്ടസ്മൃതികളാം മാരിവില്ലിൻ

വർണപ്പൊട്ടുകൾ തേടി നാം വന്നു..'

...

കുറിപ്പ് 3

ഇന്നും തുഷാരമെനിക്കു യാത്രയൊരുക്കി. മഴ കൂട്ടുവന്നതില്ല. യാത്രകൾ അവസാനിക്കാതിരുന്നെങ്കിൽ..

തനിച്ചു വരണമെന്നുകരുതി. Cosmic law - ഞാൻ തനിച്ചായി. ഇടയ്ക്കു നിമ്മി മിസ്സ്.. സംസാരിച്ചു. Upstairs-ൽ ബാലകൃഷ്ണൻ. കാഴ്ച.

ഉച്ച. ബോളി കഴിച്ചു - രണ്ടു ബോളി. എത്ര നാളായി ബോളിയുടെ സ്വാദറിഞ്ഞിട്ട്!

വായിക്കാനുണ്ട്. എന്നിട്ടെന്താ വായിക്കാത്തത്? എൻ്റെ techno tip എവിടെയാണ്..നഷ്ടപ്പെടലുകളാണധികവും.

ഞങ്ങൾക്കും ലാബ് വേണം - ഇക്കണോമിക്സ് ലാബ്. കെമിസ്ട്രി ലാബിൽ കയറണം. ഗന്ധങ്ങളെത്തേടി..

റൂം 30.യിലെ നമ്മുടെ പ്രണയബന്ധരായ ഡെസ്കിൻകൂട്ടത്തെ HOD കാഴ്ചയിൽ നിന്നുമാറ്റി. അവയെല്ലാം പിറകിലേക്ക് ഒതുങ്ങി. മാറാല നീക്കി..എൻ്റെ ഓർമ്മകളെയും.

നെരൂദയുടെ 'Clenched Soul' പരിവർത്തനം ചെയ്തതു കണ്ടു. നന്നായിരിക്കുന്നു!

ഹാംലിനിലെ കുഴലൂത്തുകാരനെ കുറച്ചു മുന്നേ കണ്ടു:

'കഴിച്ചോ?'

'കഴിച്ചു.'

Instantaneous എന്നൊരു വാക്കുണ്ടോ?

അവസാന ബെഞ്ചിൽ, LK-യോടൊപ്പം.

കുറ്റവും, ശിക്ഷയും. നിന്ദിതരും പീഡിതരും.

Emotions എഴുതിവെക്കാൻ ഉപായമുണ്ടായിരുന്നെങ്കിൽ!? കെമിസ്ട്രിക്കാർക്കു സംശയം - എന്തിനു പുതിയ element കണ്ടെത്തണം എന്ന്? പേരിടാനാണെന്ന് ഞാൻ പറഞ്ഞു.. അതിനുമുന്നേ എനിക്കൊരു പേര് വേണമല്ലോ! ആനന്ദിൻ്റെ ചെറുകഥയിലാണോ, 'പരിധി' എന്നൊരു കഥാപാത്രം. എന്തൊരു പേരാണത്!

' ഒരു ചെമ്പനീർപൂവിറുത്തു ഞാനോമലേ

ഒരു വേള നിൻനേർക്കു നീട്ടിയില്ല..'

...

പിൻകുറിപ്പ്

ഇത് പകർത്തിയെഴുതാൻ തുടങ്ങിയപ്പോളാണ് മനസിലാകുന്നത്. എത്ര ചിതറിയ ചിന്തകൾ. എവിടെയും തുടങ്ങാതെ, എങ്ങോട്ടേക്കെന്നറിയാതെ.

അടുത്ത കുറിപ്പിൽ തുടരും..